സംസ്ഥാനത്ത് ആശുപത്രിയില്‍ അരുംകൊല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് യുവതി കൊല്ലപ്പെട്ടു. അങ്കമാലി തുറവൂര്‍ സ്വദേശി ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ മഹേഷ് ആശുപത്രിയില്‍ കയറി കുത്തിക്കൊന്നത്. അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം kerala police . കേസില്‍ പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിക്ക് ഒട്ടേറെതവണ കുത്തേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയെ ആശുപത്രിയുടെ നാലാംനിലയില്‍വെച്ച് ആക്രമിച്ച പ്രതി, പിന്നീട് വലിച്ചിഴച്ച് കൊണ്ടുപോയശേഷം ആവര്‍ത്തിച്ച് കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
”ഒച്ചകേട്ടാണ് ഞാന്‍ പുറത്തുവന്നത്. അയാള്‍ ഇവിടെവെച്ചൊരു കുത്ത് കുത്തി. പിന്നെ കൊച്ചിനെ പിടിച്ചുവലിച്ച് കൊണ്ടുപോയി. ഒരു മൂലയ്ക്കിട്ട് വീണ്ടും വീണ്ടും കുത്തി. ഡ്രിപ്പ് സ്റ്റാന്‍ഡ് എടുത്ത് അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ നേരെ കത്തിവീശി. അതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഒറ്റയ്ക്ക് നമ്മള്‍ക്ക് എന്തുചെയ്യാന്‍ പറ്റും”, ഇങ്ങനെയായിരുന്നു സംഭവസമയം ആശുപത്രിയിലുണ്ടായിരുന്ന ഒരാളുടെ പ്രതികരണം.
ലിജിയും ആലുവ സ്വദേശിയായ മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെ മഹേഷും ഇവിടേക്കെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയ കത്തി കൊണ്ട് പ്രതി യുവതിയെ കുത്തിക്കൊന്നത്. അക്രമാസക്തനായ പ്രതിയെ പിന്നീട് പോലീസെത്തിയാണ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, വാക്കുതര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.