ആലപ്പുഴ: ബ്രെയിൻ ഈറ്റിങ് അമീബിയ എന്ന അപൂർവ രോഗം ബാധിച്ചു വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശി അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ 15 വയസ്സുള്ള ഗുരുദത്ത് ആണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിയാണ് . കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.
നെയ്ഗ്ലെറിയ ഫൗളറി എന്ന ബ്രെയിൻ ഈറ്റിങ് അമീബിയയാണ് കുട്ടിയുടെ മരണത്തിനു കാരണമായത്. ഇത് ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്നതാണ്.അപൂർവമായി മാത്രം ആളുകളിലേക്ക് ബാധിക്കുന്ന ഈ രോഗം, മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു.ഗുരുദത്തിന്റെ സംസ്കാരം ഇന്നു നടക്കും.