ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു - Seekinforms

ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല തെളിവെളിപ്പിനിടെ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി

ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ പ്രവീണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ആക്രമിക്കാന്‍ ശ്രമിച്ചെന്ന പ്രവീണിന്റെ പരാതിയില്‍, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 11 പേര്‍ക്ക് കര്‍ണാടക പൊലീസ് നോട്ടീസ് അയച്ചു.
നവംബര്‍ 16ന് പ്രവീണിനെ കൊല്ലപ്പെട്ടവരുടെ വസതിയില്‍ എത്തിച്ച സമയത്തായിരുന്നു പ്രദേശവാസികളായ ഒരു സംഘം ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചത്. രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 11 പേര്‍ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദേശത്ത് 5 ഇന്ത്യൻ വംശജരെ കാറിടിച്ച് കൊലപ്പെടുത്തിയത് ഡ്രൈവറുടെ അശ്രദ്ധ, മുന്നറിയിപ്പുകൾ അവഗണിച്ചത് 9 തവണ

ഓസ്ട്രേലിയയിൽ 5 ഇന്ത്യൻ വംശജരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയെന്ന് റിപ്പോർട്ട്. ഹോട്ടലിലേക്ക് എസ്യുവി ഓടിച്ച് കയറ്റി അപകടമുണ്ടാക്കുകയും 5 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത സംഭവത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രക്തത്തിലെ ഷുഗർ നില കുറഞ്ഞു പോകുന്നതായി 9 തവണയോളം മൊബൈലില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രദ്ധിക്കാതെ വാഹനമോടിച്ചതായിരുന്നു വലിയ അപകടത്തിന് കാരണമായത്.
നവംബർ അഞ്ചിന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുണ്ടായ വാഹനാപകടത്തിലെ ഡ്രൈവറായ 66 കാരനെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയയിലെ റോയൽ ഡേയിഷസ്ഫോർഡ് ഹോട്ടലിലെ പബ്ബിലേക്കായിരുന്നു 66കാരനായ വില്ല്യം സ്വേൽ തന്റെ എസ്യുവി ഓടിച്ച് കയറ്റിയക്. മൂന്ന് ദശാബ്ദത്തിലേറെയായി ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ് വില്ല്യം. രക്തത്തിലെ ഷുഗർ നില കുറയുന്നതിനനുസരിച്ച് വില്യമിന് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം മൊബൈൽ ഫോണിലുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിച്ച് അർധബോധാവസ്ഥയിൽ വാഹനമോടിച്ചതാണ് വലിയ അപകടത്തിന് കാരണമായത്. വില്യമിനെതിരെ വാഹനമോടിച്ച് ആളുകളെ അപായപ്പെടുത്തിയതിനും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും അശ്രദ്ധമൂലം ജീവന്‍ അപകടത്തിലാക്കിയതും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ കരയിച്ച ഷബ്‌നയുടെ ആത്മഹത്യ : മുപ്പതുകാരി നേരിട്ടത് ഒട്ടനവധി ക്രൂരത

കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പൊലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ ഭർത്താവ് ഹബീബിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷബ്‌ന മുറി അടച്ചിട്ടെന്ന് ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സി.സി ടിവി ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു. പരിശോധനയിലാണ് ഭർത്താവിന്റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ മൊഴി നൽകി.സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഭർത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബില ഭർതൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടിൽ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.

മകളുടെ വെളിപ്പെടുത്തൽ കൂടാതെ ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന കിടപ്പുമുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തത്. സ്വന്തം വീടുവെച്ച് മാറണമെന്ന് ഷബ്ന പറഞ്ഞതിനെ തുടർന്നാണ് ഇയാള്‍ മർദ്ദിച്ചതെന്നാണ് വിവരം. ‘വാപ്പാന്‍റെ അമ്മാവൻ ഉമ്മയോട് മോശമായി സംസാരിച്ചു. വീട് വെച്ച് മാറണമെന്ന് പറഞ്ഞപ്പോ ഉമ്മാനെ തല്ലി. വിഷമിച്ച് ഉമ്മ മോളിലെ മുറിയിൽ പോയി വാതിലടച്ചു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ടപ്പോള്‍ ഉമ്മ കരയുകയാണ് നോക്കണമെന്ന് വീട്ടിലുള്ളവരോട് പറഞ്ഞു, പക്ഷേ ആരും ചെന്ന് നോക്കിയില്ല, മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണം.’- മകൾ പറഞ്ഞു.ഷബ്ന വിളിച്ചിട്ട് കിട്ടാതായോടെ വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു ഷബ്നയുടെ മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോഴാണ് ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

പകര്‍ച്ചവ്യാധി പടരുന്നു; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഈ ഗള്‍ഫ് രാജ്യം

ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി അറേബ്യ. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും യാത്രാനിയന്ത്രണം travel ban ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. യാത്ര ചെയ്യേണ്ടി വന്നാല്‍ അവിടങ്ങളില്‍ തങ്ങുന്നതിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും നിര്‍ദേശമുണ്ട്.
മഞ്ഞ കാറ്റഗറിയില്‍ പെടുത്തിയ തായ്ലന്‍ഡ്, എല്‍സാല്‍വഡോര്‍, ഹോണ്ടുറാസ്, നേപ്പാള്‍, മൊസാംബിക്, സൗത്ത് സുഡാന്‍, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയില്‍ പെടുത്തിയ സിംബാബ്വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിര്‍ദേശമുള്ളത്.
അത്യാവശ്യമായി ഈ രാജ്യങ്ങളില്‍ പോകുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുത്, ഭക്ഷണ പാത്രങ്ങള്‍ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം, താമസത്തിന്റെ ദൈര്‍ഘ്യം കുറക്കണം, ഇടകലര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുക, പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ നടപടികള്‍ പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
കോളറ, ഡെങ്കിപ്പനി, നിപ്പ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളന്‍ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമര്‍ശിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ പടരുന്ന രോഗങ്ങള്‍. പോളിയോ, മലേറിയ, കൊവിഡ് എന്നിവ ഈ രാജ്യങ്ങളില്‍ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എന്‍സെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മാനിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടര്‍ന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്വെയെ ചുവപ്പ് കാറ്റഗറിയില്‍ പെടുത്തിയത്.

യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

ദുബായ് ∙യുഎഇയിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു മരണപ്പെട്ടു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ (24) ആണ് മരിച്ചത്.‌ ദുബായ് ദെയ്റ മത്സ്യ വിപണിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം.നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു
വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ .

പ്രാർത്ഥനകൾ ഫലം കണ്ടു തട്ടിക്കൊണ്ടുപോയ കുട്ടിയെ കിട്ടി

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.

ഉംറ നിർവഹിച്ച് മടങ്ങവേ മലയാളി വനിത വിമാനത്തിൽ വെച്ച് മരണപ്പെട്ടു

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരിച്ചത്. ഒമാന്‍ എയറില്‍ ജിദ്ദയില്‍ നിന്ന് മസ്‌കത്ത് വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍ വന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകന്‍ മുഹമ്മദ് കൂടെയുണ്ട്. നടപടികള്‍ പൂര്‍ത്തിയാകി മൃതദേഹം ചൊവ്വാഴ്ച മസ്‌കത്തില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *