വിദേശ വിനിമയ ചട്ട ലംഘനം; പേയ്ടിഎമ്മിന് എട്ടിന്‍റെ പണി

റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേയ്ടിഎമിന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 611 കോടി രൂപയുടെ വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് പേയ്ടിഎമിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് നോട്ടീസ് അയച്ചത്. വിദേശത്ത് മറ്റൊരു കമ്പനി സ്ഥാപിച്ചതും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതും റിസര്‍വ് ബാങ്കിനെ അറിയിക്കാതിരുന്നതിനാല്‍ ഫെമ (Foreign exchange Management Atc) നിയമപ്രകാരം ഇത് സാമ്പത്തിക കുറ്റമാണെന്നാണ് ഇഡിയുടെ നോട്ടീസില്‍ പറയുന്നത്. ലിറ്റില്‍ ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Nearbuy India Pvt Ltd) എന്നീ കമ്പനികള്‍ ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 611 കോടി രൂപയുടെ ബിസിനസ് നടത്തിയെന്ന് ഇഡി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ കമ്പനികളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വണ്‍ 97 കമ്യൂണിക്കേഷന്‍സ് സിംഗപ്പൂരില്‍ നടത്തിയ നിക്ഷേപമാണ് ഇഡിയുടെ പരിശോധനയിലുള്ളത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി ക്രമങ്ങളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. രണ്ട് കമ്പനികളും വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഏറ്റെടുക്കുന്നതിന് മുന്‍പ് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പരിശോധനക്ക് വിധേയമാകുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. 2017 ലാണ് കമ്പനികളെ വണ്‍ 97 ഏറ്റെടുത്തത്. ഇതിനിടെ ഇഡി നോട്ടീസിനെ തുടര്‍ന്ന് പേടീയെം ഓഹരി വില ഇന്ന് നാലു ശതമാനം ഇടിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 Seekinforms - WordPress Theme by WPEnjoy