
google gemini; കൈകൊണ്ട് മുഖം മറച്ച് AI-ക്ക് ചിത്രം നൽകി, തിരിച്ചുകിട്ടിയപ്പോൾ ശരീരത്തിൽ മറുക്; AI-യുടെ സാധ്യതകളെക്കുറിച്ച് ആശങ്ക വർധിപ്പിച്ച് യുവതി
google gemini; ഗൂഗിളിൻ്റെ ജനപ്രിയ AI ടൂളായ ജെമിനി നാനോയുടെ ‘ബനാന AI സാരി ട്രെൻഡ്’ ഇൻസ്റ്റഗ്രാമിൽ തരംഗമാവുകയാണ്. ഇതിനിടെ, തനിക്കൊരു വിചിത്രമായ അനുഭവം നേരിട്ടതായി ഒരു യുവതി പങ്കുവെച്ച വീഡിയോ വൈറലായി. AI ടൂളുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും യുവതി നൽകുന്നുണ്ട്. ഒരു ചിത്രം നൽകിയാൽ, വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങൾ നിർമ്മിച്ച് നൽകുന്ന AI ടൂളാണ് ഗൂഗിൾ ജെമിനി നാനോ. ട്രെൻഡിന്റെ ഭാഗമായി തൻ്റെ ഒരു ചിത്രം പ്രോംപ്റ്റ് നൽകി AI-യ്ക്ക് നൽകിയപ്പോൾ, മറച്ചുവെച്ച ശരീരഭാഗത്തെ മറുക് പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി യുവതി കണ്ടെത്തി. ‘മറച്ചുവെച്ച ഭാഗത്തെ മറുക് ജെമിനിക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു?’ എന്ന് അവർ ആശ്ചര്യപ്പെടുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും, ഈ അനുഭവം എല്ലാവരുമായും പങ്കുവെച്ച് AI പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്ന് ഓർമ്മിപ്പിക്കാനാണ് താൻ ഈ വീഡിയോ ചെയ്തതെന്നും യുവതി പറഞ്ഞു.
ഇതിനെക്കുറിച്ച് വിദഗ്ദ്ധർ പറയുന്നത്, ഇത് ഒരു സാധാരണ AI സംവിധാനം മാത്രമാണെന്നാണ്. യുവതിയുടെ ഡിജിറ്റൽ ഫൂട്ട്‌പ്രിന്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് AI ചിത്രം പൂർത്തിയാക്കിയത്. ഒരു ഇമേജ് നിർമ്മാണ ടൂളായ ജെമിനി, ഇന്റർനെറ്റിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളെ വിശകലനം ചെയ്യുകയും ആവശ്യമുള്ളപ്പോൾ അവ ഉപയോഗിക്കുകയും ചെയ്യാം. യുവതിയുടെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമോ ഗൂഗിൾ അക്കൗണ്ടിലെ ചിത്രങ്ങളോ ഇതിനായി ഉപയോഗിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ, അനുവാദമില്ലാതെ ഇത്തരത്തിൽ വിവരങ്ങൾ ഉപയോഗിക്കാമോയെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.ഗൂഗിളിന്റെ ജെമിനി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇമേജ് എഡിറ്റിംഗ് AI ടൂളാണ് ജെമിനി നാനോ. തുടക്കത്തിൽ ത്രിമാന രൂപങ്ങൾ നിർമ്മിക്കുന്നതിലൂടെയാണ് ഈ ടൂൾ ജനപ്രിയമായതെങ്കിലും, ഇപ്പോൾ സാരി മോഡലിലുള്ള ഫോട്ടോകളാണ് ഏറെ പ്രചാരത്തിലുള്ളത്.
ഇത്തരം AI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
AI ആപ്ലിക്കേഷനുകളിൽ സ്വന്തം മുഖചിത്രങ്ങൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നത് ഫാഷന്റെയും ട്രെൻഡിന്റെയും ഭാഗമായി ആളുകൾ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ, ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പലരും ചിന്തിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം.
സാധ്യതയുള്ള ഭീഷണികൾ
മുഖരൂപ പുനർസൃഷ്ടി: ഒന്നിലധികം ചിത്രങ്ങൾ നൽകിയാൽ AI-ക്ക് ഒരു വ്യക്തിയുടെ മുഖഭാവം കൃത്യമായി പുനർസൃഷ്ടിക്കാൻ സാധിക്കും.
ബയോമെട്രിക് തട്ടിപ്പ്: ഇത്തരത്തിൽ പുനർസൃഷ്ടിച്ച ചിത്രങ്ങൾ ഉപയോഗിച്ച് മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവയിലെ ഫേസ് അൺലോക്ക് സംവിധാനങ്ങൾ മറികടക്കാൻ സാധിച്ചേക്കാം.
ഐഡന്റിറ്റി മോഷണം: വ്യാജ ഐഡികൾ, അക്കൗണ്ടുകൾ, അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കപ്പെടാം.
ഡാറ്റാ സുരക്ഷാ സംശയം: ഒരിക്കൽ അപ്‌ലോഡ് ചെയ്താൽ, ചിത്രങ്ങൾ എവിടെ സംഭരിക്കപ്പെടുന്നു, എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യങ്ങൾ വ്യക്തിക്ക് നിയന്ത്രിക്കാൻ കഴിയില്ല.
പൊതു നിർദ്ദേശങ്ങൾ
പാസ്‌പോർട്ട്, ആധാർ, ലൈസൻസ്, ബാങ്ക് കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുത്.
വ്യക്തമായ മുഖമുള്ള നിരവധി സെൽഫികൾ പങ്കുവെക്കുന്നത് ഒഴിവാക്കുക. സാധിക്കുമെങ്കിൽ അവതാർ, കാർട്ടൂൺ അല്ലെങ്കിൽ സ്റ്റൈലൈസ് ചെയ്ത ചിത്രങ്ങൾ ഉപയോഗിക്കുക.
എല്ലാ പ്രധാന അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സജീവമാക്കുക.
Comments (0)